Wednesday, June 22, 2016

ജീവിത സഖി




ഒരുപാട് സംസാരിക്കുന്നവളെ ജീവിത
സഖിയാക്കണം..
ഒന്ന് പറയേണ്ടിടത്ത് പത്തെണ്ണം പറയുന്ന
ഒരു വായാടിയെ..
മടിയിൽ തല വെച്ചു കിടക്കുമ്പോൾ എന്നെ
നോക്കി വാ തോരാതെ അവൾ
സംസാരിക്കും,
ഒന്ന് നിർത്തെന്റെ പെണ്ണേ എന്ന് ഞാൻ
പറയുമ്പോൾ അവൾ മുഖം കൂർപ്പിച്ച് എന്നെ
നോക്കി മുഖം തിരിക്കും..
വിരുന്നിനു പോകുന്ന സമയം
ആളുകൾക്കിടയിൽ ഒരുപാടൊരുപാട്
സംസാരിച്ച് നേരം പോയതറിയാതെ
അവൾ തിരികെ അരികിലെത്തി
"ഇക്ക എന്ന നമുക്ക് പോകാം "
എന്ന് പറയുമ്പോൾ അവളുടെ പുഞ്ചിരി
നിറച്ച ഭാവം എന്റെ ദേഷ്യത്തെ
മുഴുവനും തണുപ്പിക്കും..
തറവാട്ടിലെ സൽകാരത്തിന്റെ അന്ന്
അടുക്കളയിൽ നിന്നും ചില
വർത്തമാനങ്ങൾ വരും:
"കുഞ്ഞോന്റെ പെണ്ണുങ്ങളുടെ സംസാരം
നല്ല രസാ ല്ലെ കേൾക്കാൻ,എന്തോരമാ
സംസാരിക്കാ.."
അന്നേരം അതിനേക്കാളേറെ
മനോഹരമായ് എനിക്കു മാത്രം അവൾ
നൽകുന്ന വാക്കുകളെ ഞാൻ ആർക്കും
നൽകാതെ മനസ്സിൽ പൂട്ടി വെയ്ക്കാറുണ്ട്
..
ഗൾഫിലേക്ക് വിസ എടുത്ത് ജോലിക്ക്
പോകാനുള്ള ആ ദിവസത്തിന്റെ
തലേന്നത്തെ രാത്രിയിൽ അവളെന്റെ
മാറിൽ തല വെച്ച് വാ തോരാതെ
സംസാരിച്ചു,
രാത്രി ഏറെ വൈകിയിട്ടും അവൾ
വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടേ
ഇരിക്കുന്നു..
ഇടക്കെപ്പഴോ ഞാൻ ഉറക്കത്തിലേക്ക്‌
വഴുതി വീണപ്പോൾ എന്റെ കവിളിൽ
തട്ടി അവൾ ചോദിച്ചു:
"ഇക്ക ഞാൻ ഒരുപാട് സംസാരിക്കുന്ന
പെണ്ണെന്നാ ആൾക്കർ പറയാർ,ഇക്കാക്ക്‌
മുഷിപ്പായി തോന്നാറുണ്ടോ
എപ്പൊഴെങ്കിലും."
"ഇല്ല പെണ്ണേ നീ പറ നിനക്കീ
ലോകത്ത് സംസാരിക്കാൻ ഞാനല്ലേ
ഉള്ളൂ,നിന്റെ പരാതികളും ആവശ്യങ്ങളും
സ്നേഹവും എന്റെ ചെവിയിൽ
പതിക്കുന്നതേ ഒരു സുഖമാ,അത് കൊണ്ട് നീ
പറഞ്ഞോ ഞാൻ നല്ലൊരു
കേൾവിക്കാരനാകാം.."
സ്നേഹം കൊണ്ട് ചുമ്പിച്ച് മൂടിയപ്പോഴും
അവൾ ചിരിച്ചു കൊണ്ട് പലതും
പറയുന്നുണ്ടായിരുന്നു,
പിറ്റേന്ന്
പ്രവാസ ലോകത്തേക്ക് ഞാൻ പടി
ഇറങ്ങുന്ന നേരം അവളൊന്നും
മിണ്ടുന്നില്ല,
നിനക്കൊന്നും പറയാനില്ലേ എന്ന്
ചോദിച്ചപ്പോൾ കെട്ടിപ്പിടിച്ച്
തേങ്ങി കരഞ്ഞ അവൾ പഴയ വായാടി
പെണ്ണേ അല്ലാതായി മാറി
അന്നേരം..
കാറിന്റെ ഹോർൺ ശബ്ദം ഞാൻ വരാൻ
വേണ്ടി അടിക്കുമ്പോഴും അവളെന്നെ
പിടിയിൽ നിന്നും വിടുന്നില്ല,
ഇരു കൈകൾ കൊണ്ടും മുറുകെ പിടിച്ച്
മിണ്ടാതെ നിൽക്കുന്നു,
അവളുടെ ശബ്ദം ഇടറുന്നത് കേട്ടപ്പോൾ
ഞാൻ കുതറി മാറി പുറത്തേക്ക് നടന്നു...
കണ്ണീർ തട്ടി സുറുമ ഇളകിയിട്ടുണ്ട് ആ
മുഖത്ത്..
അവളുടെ കുറുമ്പുകൾ നിറഞ്ഞ വാക്കുകളും,
ആയിരം നാവാലുള്ള ശബ്ദങ്ങളും,
എല്ലാം എനിക്ക് എന്തിഷ്ടമാണെന്നോ....


കടപ്പാട്--- വാട്സപ്പ് ഗ്രൂപ്പ്



No comments:

Post a Comment