Saturday, July 2, 2016

പ്രസവം

വിവാഹ ശേഷം ഒരു കുഞ്ഞ് എന്നുള്ള
ചിന്ത വന്നപ്പോൾ അവൾക്ക് ഒരു
നിർബന്ധം മാത്രമേയുണ്ടായിരുന്നുള്ളൂ....
ഗർഭകാലത്തും പ്രസവ
സമയത്ത് ലേബർ റൂമിന്റെ
മുന്നിലും ഞാൻ അവളുടെ കൂടെ
തന്നെയുണ്ടാകണം....
ഈ അക്കരെയിക്കരെ കളി
അപ്പോൾ ശരിയാകൂല്ലാ....
തികച്ചും ന്യായമായ
ആവശ്യമായതിനാൽ ഞാൻ
സമ്മതിച്ചു....
പിന്നീട് കുറച്ചു കാലത്തെ
ഓട്ടപ്പാച്ചിലിനു ശേഷം
ഫാമിലി വിസ
സംഘടിപ്പിച്ച് അവളെ
ഇവിടെ കൊണ്ട് വന്നതിന്റെ
രണ്ടാം മാസം
ഞങ്ങളുടെ ജീവൻ അവളുടെ
ഉദരത്തിൽ പിറവിയെടുത്തു
എന്നറിഞ്ഞ നിമിഷം മുതൽ
ഞങ്ങള്ക്ക് കാത്തിരിപ്പിൻറെ
തായിരുന്നു.... നെറ്റ് സെർച്ച്
ചെയ്ത് ഗർഭസ്ഥ കുഞ്ഞിന്റെ
ആരോഗ്യത്തിനു വേണ്ട
കാര്യങ്ങളെല്ലാം
നോക്കിയും...
ഡോക്ടർമാർ
പറയുന്നതും നാട്ടിൽ
വിളിക്കുമ്പോൾ ഞങ്ങളുടെ
വീട്ടുകാർ പറയുന്നതുമെല്ലാം ശ്രദ്ധിച്ചും ഞങ്ങൾ
അവൻക്കായി ഒരുങ്ങിയിരുന്നു....
ആഴ്ചയിൽ ഒരു തവണ എന്നനിലയിൽ
ഉണ്ടായിരുന്ന ഞങ്ങളുടെ
പിണക്കങ്ങൾ അവൻക്കായി ഞങ്ങൾ
മാസത്തിൽ ഒരു തവണയാക്കി
മാറ്റി....
പാചകത്തിന്റെ എ ബി സി ഡി അറിയാത്ത ഞാൻ
അവൾക്ക് റെസ്റ്റ് കൊടുത്ത്
അടുക്കളയിൽ കയറാൻ തുടങ്ങി....
അവൾ എന്ത് ചെയ്യുമ്പോഴും കൂടെ
നില്ക്കാൻ തുടങ്ങി....
സ്റ്റെപ്പ്
ഇറങ്ങുമ്പോഴും നടക്കുമ്പോഴുമുള്ള
അവളുടെ വേഗതയെ
ശാസനയിലൂടെ കുറച്ചു കൊണ്ടു
വന്നു...
മരുന്ന് കഴിക്കാൻ
മടിപിടിക്കുമ്പോൾ എടുത്തു
കയ്യിൽ കൊടുത്ത്
കുടിപ്പിക്കാൻ തുടങ്ങി... അത്
വരെ മുഴുവൻ സമയവും
ഫേസ്ബുക്കിലും മറ്റുമായി ഓണ്
ലൈനിൽ കറങ്ങി നടന്നിരുന്ന
ഞാൻ അതെല്ലാം
പിന്നിലേക്ക് മാറ്റി
വെച്ചു....
അവളുടെ ഉദരത്തിൽ കുഞ്ഞ് വളരുന്നത്
ഞങ്ങൾ ശരിക്കും
അനുഭവിച്ചറിയാൻ തുടങ്ങി....
സ്കാൻ ചെയ്തപ്പോൾ ഡോക്ടർ
ചോദിച്ചു ആണ് കുട്ടിയാണോ
പെണ് കുട്ടിയാണോ
എന്നറിയണോ എന്ന് ചോദിച്ചു....
ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു
വേണ്ടാ.... അത് ആ സമയത്ത് തന്നെ
അറിഞ്ഞാൽ മതീയെന്നു...!! (യു എ
ഇ യിൽ അത് നിയമ വിധേയമാണ്)
പിന്നെ ദിവസവും ഞങ്ങൾ
അവനുമായി സംസാരിക്കാൻ
തുടങ്ങി.....
കുറച്ചു മാസം
കഴിഞ്ഞപ്പോഴേക്കും അവൻ
വയറ്റിൽ കിടന്നു ചവിട്ടാനും
കുത്താനുമെല്ലാം തുടങ്ങി....
ഞങ്ങൾ അവനോടു
സംസാരിക്കുമ്പോൾ അവൻ
വയറ്റിൽ കിടന്നു ചവിട്ടുന്നതും
കുത്തുന്നതുമെല്ലാം അവളുടെ
വയറ്റിൽ കൈ വെച്ചു ഞാൻ
അനുഭവിക്കുമ്പോൾ
പറഞ്ഞറിയിക്കാൻ കഴിയാത്ത
ഒരു അനുഭൂതിയായിരുന്നു....
ഗർഭകാലയളവിൽ ഇടയ്ക്കൊന്നു
ഞങ്ങൾ നാട്ടിൽ പോകേണ്ടി
വന്നപ്പോഴും വീമാനത്തിൽ
കയറിയപ്പോഴും അവളെക്കാൾ
കൂടുതൽ ടെൻഷൻ എനിക്കായിരുന്നു....
പിന്നീട് പ്രസവത്തിനായി
അവൾ നാട്ടിലേക്ക്
പോകുമ്പോൾ ഞാൻ അവനോടു
സ്വകാര്യമായി പറഞ്ഞു: നീ
വരാനാകുമ്പോഴേക്കും
ഉപ്പച്ചി നാട്ടിലേക്ക് വരും
അതിനു മുമ്പ് പുറത്തേക്ക്
വരരുത്ട്ടോ.... അവൻ ഒരു ചവിട്ടിൽ
കൂടി സമ്മതം അറിയിച്ചു....
പിന്നെ ടെൻഷൻ
ദിവസങ്ങളായിരുന്നു.... ഓരോ
ദിവസവും ഒരുപാട് തവണ
വിളിക്കും....
കുഴപ്പമൊന്നുമില്ലല്ലോ
എന്നന്വേഷിക്കും....
ഞാൻ
നാട്ടിലെത്തുന്നതിന് മുമ്പ്
പ്രസവിക്കുമോ എന്ന
പേടിയായിരുന്നു...
രണ്ടാഴ്ചത്തേക്ക് ലീവ്
തരാമെന്നു ഉറപ്പ് പറഞ്ഞ
മാനേജർ പകരം ആളില്ലാ
ലീവ് നീട്ടേണ്ടി വരുമെന്ന്
പറഞ്ഞപ്പോൾ എന്ത്
ചെയ്യണമെന്നറിയാതെ ഇരുന്നു
പോയി....
പക്ഷേ ദൈവം
ഞങ്ങളുടെ കൂടെയായിരുന്നു....
വേറെ പ്രൊജക്റ്റിൽ
നിന്നും ഒരു ആള് ഫ്രീ ആയി
എനിക്ക് ലീവ് കിട്ടി...
ഡോക്ടർ പറഞ്ഞ ഡേറ്റ്
ആയിട്ടില്ലെങ്കിലും അതിനു
മുമ്പുണ്ടാകുമെന്നുള്ള അവളുടെ
ഉറപ്പായുള്ള പറച്ചിലിലാണ്
ഞാൻ ഡേറ്റ് ആകുന്നതിനും ഒരു ആഴ്ച
മുമ്പ് തന്നെ നാട്ടിൽ പോയത്...
പക്ഷേ ഞങ്ങളുടെ ജീവന്റെ
തുടിപ്പിനെ ഈ ലോകത്തേക്ക്
വരവെല്ക്കാനായി വെറും
പതിനഞ്ചു ദിവസത്തെ ലീവിൽ
പോയ എന്നോട്
കാത്തിരിക്കാൻ പറഞ്ഞു അവൻ
അവളുടെ വയറ്റിൽ തന്നെ ചുരുണ്ട്
കൂടി ഡിമാണ്ട് ഇട്ട് കിടന്നു...
ദിവസങ്ങള് ഒന്നൊന്നായി
നീങ്ങി...
പതിനഞ്ചു
ദിവസത്തിലെ ഏഴ് ദിവസങ്ങള്
കഴിഞ്ഞു ആള് വരുവാനുള്ള
തയ്യാറെടുപ്പൊന്നും
കാണുന്നില്ലാ... അങ്ങനെ
എട്ടാം ദിവസം ഉണ്ടായ
ചെറിയ വേദനയിൽ ഞങ്ങൾ
ഹോസ്പിറ്റലിൽ പോയി....
വേദനക്കുള്ള മരുന്നുകൾ
കൊടുത്തിട്ടും ആൾ പുറത്തേക്ക്
വരുവാനുള്ള തയ്യാറെടുപ്പുകൾ
ഇല്ലാ....
കൂടെ അവൾക്ക് നല്ല
പനിയും പിടിച്ചു.... ഒരു
ദിവസം കൂടി കഴിഞ്ഞു, അടുത്ത
ദിവസം രാത്രിയായി
പനി കൂടിയും കുറഞ്ഞും നിന്നു...
അവൾ ക്ഷീണിതയാകാൻ
തുടങ്ങി... അതിന്റെ ഫലമായി
ചവിട്ടീം കുത്തീം
കിടന്നിരുന്ന അവനും ഇളക്കം
കുറയാൻ തുടങ്ങി....
ലേബർ
റൂമിലേക്ക് അവളെ കൊണ്ട്
പോയതും മിടിക്കുന്ന
ഹൃദയത്തോട് കൂടി ആ വാതുലിനു
മുന്നിൽ കാത്തിരുന്നു.... കുറച്ചു
കഴിഞ്ഞതും ഡോക്ടർ
വിളിപ്പിച്ചു.... അവളുടെ
ഉപ്പയും എന്റെ അമ്മായിയും
ഞാനും കൂടി ചെന്നു....
ഇനിയും കാത്തിരിക്കാൻ
കഴിയില്ലാ നമുക്ക് ഓപ്പറേഷൻ
ചെയ്യാമെന്ന് ഡോക്ടർ
പറഞ്ഞപ്പോൾ ഞാൻ നിറയുന്ന
കണ്ണുകളെ പണിപ്പെട്ടു അടക്കി
നിർത്തുകയായിരുന്നു...
എനിക്ക്.വാക്കുകൾ തൊണ്ടയിൽ
കുടുങ്ങിയപ്പോൾ അമ്മായി
പറഞ്ഞു: എന്ത് തന്നെയായാലും
കുഴപ്പമില്ല രണ്ടു പേരെയും
കേടുകൂടാതെ ഞങ്ങൾക്ക് തന്നാൽ
മതീ...
പിന്നീട് ഓപ്പറെഷനുള്ള
സമ്മതപത്രം ഒപ്പിടാൻ
പോയപ്പോൾ സിസ്റ്ററോട്
അവളെയൊന്നു കാണാനുള്ള
സമ്മതം വാങ്ങി...
സങ്കടമെല്ലാം അടക്കി
പിടിച്ച് ചിരിച്ച
മുഖവുമായി അവളുടെയടുത്ത്
പോയി ആ കൈ കൂട്ടി
പിടിച്ച് ആ നെറ്റത്ത് ഒരു മുത്തം
കൊടുത്ത് വേഗം പോയി
നമ്മുടെ ശുക്കുടുവിനെയും
കൂട്ടിവാ എന്നും പറഞ്ഞു പതുക്കെ
പുറത്തേക്ക് വന്നു....
അതുവരെ തടഞ്ഞു
നിർത്തിയിരുന്ന കണ്ണുകൾ എത്ര
ശ്രമിച്ചിട്ടും അടങ്ങാതെ
നിറഞ്ഞൊഴുകി...
ആരൊക്കെയോ എനിക്ക്
ദൈര്യം തരുന്നുണ്ടായിരുന്നു....
പക്ഷെ പിടിച്ചു നില്ക്കാൻ
കഴിയാതെ ഒരു മൂലയിൽ ഒറ്റയ്ക്ക്
പോയി നിന്നു..... സമയം
ഇഴഞ്ഞിഴഞ്ഞു നീങ്ങി....
നിറ വയറുമായി പനി
പിടിച്ചു കിടക്കുന്ന അവളുടെ
രൂപം മനസ്സിൽ തന്നെ....
പ്രാർത്ഥനകളുമായി മനസ്സ്
അടക്കി പിടിച്ചു നിർത്തി....
കുറച്ചു കഴിഞ്ഞതും അകത്ത് നിന്നും
ഒരു കുഞ്ഞിന്റെ കരച്ചിൽ
കേട്ടു....
ഹൃദയം കൂടുതൽ
വേഗത്തിൽ മിടിക്കാൻ
തുടങ്ങി....
വാതിൽ തുറന്നു.....
സിസ്റ്റർ പറഞ്ഞു: ആണ്കുട്ടിയാണ്....!!
രണ്ടുപേരും
സുഖമായിരിക്കുന്നു...
പിന്നെ
വാതിലടഞ്ഞു...
ഞാൻ തിരിഞ്ഞു....
എന്റെ ഉപ്പയെ നോക്കി.... കുറച്ചപ്പുറത്ത്
മാറി പ്രാർത്ഥനയോടെയി
രിക്കുന്ന ഉപ്പയെയും ഉമ്മയും
കണ്ടു....
ഞാൻ അവരുടെ അടുത്തേക്ക് നടന്നു....
നിറ കണ്ണുകളോടൊപ്പം
നിറഞ്ഞ ചിരിയുമായി വരുന്ന
എന്നെ കണ്ടപ്പോൾ ഉപ്പ
എഴുന്നേറ്റു....
പ്രസവിച്ചു... ആണ്
കുട്ടിയാണെന്നും പറഞ്ഞ് ആ
നെഞ്ചിലേക്ക് വീണ് ഉപ്പയെ
കെട്ടിപ്പിടിച്ചു അതുവരെ
അടക്കിവെച്ചതെല്ലാം ഞാൻ
ഇറക്കി വെച്ചു...
കുറച്ചു കഴിഞ്ഞപ്പോൾ ആ വാതിൽ
വീണ്ടും തുറന്നു...
കയ്യിൽ
ഞങ്ങളുടെ മോനുമായി ഒരു
മാലാഖ പുറത്ത് വന്നു....
ഇരുപത്തിയെട്ടു വർഷങ്ങൾക്ക് മുമ്പ്
ഇതുപോലെയൊരു ലേബർ റൂമിൽ
നിന്നും ഇതുപോലെ ഇറങ്ങി
വന്ന ഒരു മാലാഖയിൽ നിന്നും
എന്നെ ഏറ്റു വാങ്ങിയ അതേ
കൈകളിലേക്ക് തന്നെ എന്റെ
മോനേയും ഞാൻ ചെറിയമ്മ
എന്ന് വിളിക്കുന്ന എന്റെ
പോറ്റുമ്മയായ അമ്മായി ഏറ്റു
വാങ്ങി എന്റെ അടുത്തു
വന്നപ്പോൾ എനിക്ക് അത് കൂടുതൽ
സന്തോഷ നിമിഷമായി
മാറി...
കുഞ്ഞിക്കണ്ണ് തുറന്ന് അവൻ ഒന്ന്
നോക്കി....
ആ നെറ്റത്ത് ഒരു ഉമ്മ
കൊടുത്ത് ഞാൻ മാറി നിന്നു....
ഓപ്പറേഷൻ തീയറ്ററിൽ
നിന്നും അവന്റെ ഉമ്മയും
കൊണ്ടുവരുന്നതും കാത്ത്....
പിറ്റേ ദിവസം റൂമിൽ
കൊണ്ട് വന്നതിനു ശേഷം
അവളുടെ അടുത്തിരുന്ന് ചിരിച്ചു
കളിക്കുന്ന അവനെയും നോക്കി
ഇരിക്കുമ്പോൾ എന്റെ അടുത്തേക്ക്
ചേർന്നിരുന്നുകൊണ്ട് അവൾ
ചോദിച്ചു:
ഇപ്പോൾ മനസ്സിലായോ ഞാൻ
എന്തിനാണ് ഗർഭകാലത്തും പ്രസവ
സമയത്തും നിങ്ങൾ എന്റെ കൂടെ
തന്നെ വേണമെന് നിർബന്ധം
പിടിച്ചതെന്ന്....!!
ഞാൻ അവളെ ഒന്നുംകൂടി ചേർത്ത്
പിടിച്ച് ആ നെറ്റത്ത് ഒരു മുത്തം
നൽകിയിട്ട് പറഞ്ഞു.....
THANKS....THANKS A LOTT....
അപ്പോഴും അവൻ ഞങ്ങളെ
നോക്കി പുഞ്ചിരിക്കുകയായിരുന്നു...!!

No comments:

Post a Comment